മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യുജിസിക്കും ഗവർണർക്കും നിവേദനം
Thursday, June 8, 2023 9:55 PM IST
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി യുജിസിയ്ക്കും ഗവർണർക്കും നിവേദനം നൽകി.
കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിലാണ് കോളജിന്റെ ഭരണവും പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളും നടക്കുന്നത്. ഇതിന്റെ തെളിവാണ് കോളജിൽ ഈ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങളെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളേക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയാറാവണം. ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്ക് നമ്മുടെ പൊതുസമൂഹം ഉയർന്നിട്ടില്ല എന്നതുകൊണ്ട് ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണ്.
കോളേജിന്റെ ഒട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷാ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യമാണ് സമിതി ഉന്നയിച്ചിരിക്കുന്നത്.