വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാൻ കിഷൻ; സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ
Sunday, March 23, 2025 5:28 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് സൺറൈസേഴ്സ് എടുത്തത്.
സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും വെടിക്കെറ്റ് ബാറ്റിംഗാണ് സൺറൈസേഴ്സിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 47 പന്തിൽ നിന്ന് 106 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
31 പന്തിൽ നിന്ന് 67 റൺസാണ് ട്രാവിസ് ഹെഡ് എടുത്തത്. ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്. 14 പന്തിൽ 34 റൺസെടുത്ത ഹെന്റിച്ച് ക്ലാസണും 15 പന്തിൽ 30 റൺസെടുത്ത നിതീഷ് റെഡ്ഡിയും 11 പന്തിൽ 24 റൺസെടുത്ത അഭിഷേക് ശർമയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തു. മഹേഷ് തീക്ഷണ രണ്ടു വിക്കറ്റും സന്ദീപ് ശർമ ഒരു വിക്കറ്റും എടുത്തു. ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്നിംഗ്സിലെ രണ്ടാമത്തെ വലിയ സ്കോറാണ് ഇന്ന് സൺറൈസേഴ്സ് എടുത്തത്. സൺറൈസേഴ്സ് തന്നെ കഴിഞ്ഞ സീസണിൽ എടുത്ത 287 റൺസാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ.