വയനാടിനോട് കേന്ദ്ര അവഗണന; 19ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും
Friday, November 15, 2024 6:25 PM IST
കൽപ്പറ്റ: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും പ്രക്ഷോഭത്തിലേക്ക്. വയനാട്ടിൽ ഇരു മുന്നണികളും 19 ന് ഹർത്താലിന് ആഹ്വാനംചെയ്തു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചത്.
വയനാട് ഉരുൾപൊട്ടലിൽ 450 ലേറെ പേർക്ക് ജീവൻ നഷ്ടമാകുകയും കോടികളുടെ നഷ്ടം സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരു മുന്നണികളും പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ജനതയും ഈ രാജ്യത്ത് ഇങ്ങനെ ഒരു അവഗണന അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. മൂന്ന് കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടത്.
ഈ ദുരന്തത്തെ എൽ-3 ക്യറ്റഗറിയായി പ്രഖ്യാപിക്കണം. ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുത്ത് അത് എഴുതിത്തള്ളണം. അടിയന്തര സഹായം ലഭ്യമാക്കണം എന്നിവയായിരുന്നു മൂന്ന് ആവശ്യങ്ങൾ. എന്നാൽ ഇവയിൽ ഒന്നും അംഗീകരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.