സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ച് ജില്ലാ ജുഡീഷറികൾ
സീമ മോഹന്‍ലാല്‍
Friday, November 15, 2024 8:02 PM IST
കൊച്ചി: ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാനത്തെ ജില്ലാ ജുഡീഷറികളില് മജിസ്ട്രേറ്റുകളും സെഷന്‍സ് ജഡ്ജിമാരും ഉള്‍പ്പെടെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായാണ് കേരള ഹൈക്കോടതിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ വെളിപ്പെടുത്തുന്നത്. 2024 സെപ്റ്റംബര്‍ 12 ലെ കണക്കനുസരിച്ച് സേവനമനുഷ്ഠിക്കുന്ന 539 ജില്ലാ ജുഡീഷല്‍ ഓഫീസര്‍മാരില്‍ 260 പേര് സ്ത്രീകളാണ്.
കേരള ജുഡീഷല്‍ അക്കാദമിയില്‍ സിവില്‍ ജഡ്ജിമാര്‍ക്കുള്ള (ജൂനിയര്‍ ഡിവിഷന്) ഒരു വര്‍ഷത്തെ ഇന്‍ഡക്ഷന്‍ പരിശീലനം അടുത്തിടെ പൂര്‍ത്തിയാക്കിയ 36 ഉദ്യോഗസ്ഥരില്‍ 26 പേരും സ്ത്രീകളെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
2023ലെ കേരള ജുഡീഷല്‍ സര്‍വീസ് പരീക്ഷയില്‍ 75 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. കേരള ജുഡീഷല്‍ സര്‍വീസസ് പരീക്ഷയുടെ പുതിയ റാങ്ക് ലിസ്റ്റില്‍നിന്ന് 50 ഉദ്യോഗാര്‍ഥികളെയാണ് സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്) ട്രെയിനികളായി നിയമിച്ചത്.
ജുഡീഷല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രീ ഇന്‍ഡക്ഷന്‍ പരിശീലനത്തിന് വിധേയരായ 50 ട്രെയിനികളില്‍ 36 വനിതാ ഉദ്യോഗാര്‍ഥികളുണ്ട്. ജുഡീഷല്‍ സര്‍വീസിലെ സിവില്‍ ജഡ്ജിമാരുടെ നിയമനം പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കുമെന്ന് കേരള ഹൈക്കോടതിയുടെ വിവരാവകാശ മറുപടിയില്‍ പറയുന്നു.
എന്നാല്‍ കേരള ഹൈക്കോടതിയില്‍ 45 ജഡ്ജിമാരില്‍ നാലു പേര് മാത്രമാണ് വനിതകളായിട്ടുള്ളത്. സംസ്ഥാനത്ത് 68 വനിതാ ജില്ലാ, സെഷന്‍സ് ജഡ്ജിമാരെന്നാണ് വിവരാവകാശ മറുപടിയിലുളളത്.