നിയമസഭാ മാർച്ചിലെ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനും പി.കെ.ഫിറോസിനും ജാമ്യം
Monday, October 14, 2024 5:38 PM IST
തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് ഉള്‍പ്പെടെ 37 പേർക്കാണ് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും ഉപാധിയിൽ പറയുന്നു.
50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പോലീസ് കേസ്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.