ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിന്റെ മുറിയിലെത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
Monday, October 7, 2024 3:15 PM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരുകളും. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്.
ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമയാണ് ഓം പ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്ന് വിവരമുണ്ടായിരുന്നു.
അതേസമയം കേസിൽ ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ആയില്ലെന്നാണ് കോടതി നിരീക്ഷണം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഓം പ്രകാശിന്റെ സാന്നിധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.