അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടിക തയാറാക്കും: മന്ത്രി എം.ബി. രാജേഷ്
Monday, October 7, 2024 7:26 AM IST
തിരുവനന്തപുരം: ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെയും അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെയും പട്ടിക തയാറാക്കും എന്ന് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ എഞ്ചിനീയറിംഗ് സുപ്രണ്ടിനെ സസ്പെൻഡ് ചെയ്തത് ഇത്തരം നടപടികളുടെ ഭാഗമായാണ്. പരാതി പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചതെന്ന് മന്ത്രി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.