കരുത്തുകാട്ടാൻ അൻവർ; നയവിശദീകരണ യോഗം ഉടൻ
Sunday, October 6, 2024 6:22 PM IST
മഞ്ചേരി: പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നയവിശദീകരണ യോഗം ഉടൻ തുടങ്ങും. അൻവർ യോഗസ്ഥലത്തേക്ക് പുറപ്പെട്ടു. മഞ്ചേരി ജസീല ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം.
അന്‍വറിന്റെ മുഖം ആലേഖനം ചെയ്ത കൊടിയുമായാണ് ആളുകള്‍ സദസിലേക്ക് എത്തുന്നത്. ഡിഎംകെ പതാകയേന്തിയും ആളുകളെത്തുന്നുണ്ട്. യോഗത്തിന് എത്തുന്നവരെ പോലീസ് തടയുകയാണെന്ന് അൻവർ ആരോപിച്ചു. തന്നെ തോൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടിൽ പോലീസെത്തി. നിങ്ങൾക്ക് കള്ളക്കടത്തുമായി എന്ത് ബന്ധമെന്നാണ് ചോദ്യം. ഇതെല്ലാം ഇവിടെ നടക്കുന്നുണ്ട്.
ഡിഎംകെയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറിയ അൻവർ കോൺഫിഡൻസ് ഉണ്ടെന്നും, ഇനി തമിഴ് മട്ടും പേസും എന്നും തമിഴിൽ മറുപടി നൽകിയാണ് പൊതു സമ്മേളനം നടക്കുന്ന വേദിയിലേക്ക് പുറപ്പെട്ടത്.
ഒരു ലക്ഷം പേരെ വിശദീകരണ യോഗത്തിൽ പങ്കെടുക്കുമെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. ക്രമസമാധാന പാലനത്തിന് കനത്ത പോലീസ് സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പിക്കാണ് ചുമതല.