എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം
Thursday, October 3, 2024 7:36 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ബിനോയ് വിശ്വം. സിപിഐ നിർവാഹക സമിതി യോഗത്തിലാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കിയത്.
എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ബിനോയ് വിശ്വം രംഗത്ത് എത്തിയത്. എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു. തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ടും എഡിജിപി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ സംഭവത്തിലും രൂക്ഷ വിമർശനവുമായി സിപിഐ രംഗത്ത് എത്തിയിരുന്നു.