കാഞ്ഞിരപ്പുഴയിൽ വീട്ടുമുറ്റത്തുനിന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുലി
Wednesday, October 22, 2025 9:22 AM IST
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ വീട്ടുമുറ്റത്തുനിന്ന വളർത്തുനായയ്ക്കു നേരെ പുലിയുടെ ആക്രമണം. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെയാണ് പുലർച്ചെ പുലി പിടികൂടിയത്. വളർത്തുനായയെ കാണാതായതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ കാര്യം അറിഞ്ഞത്.
സംഭവസമയം വീട്ടുമുറ്റത്ത് മൂന്നു നായക്കുട്ടികളാണ് ഉണ്ടായിരുന്നത്. ഇരുട്ടിൽ പതുങ്ങിയെത്തിയ പുലി നായക്ക് നേരെ ചാടിവീണ ശേഷം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.
പ്രദേശത്ത് പുലിയെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ കാഞ്ഞിരപ്പുഴയിലെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വനം വകുപ്പ് ഉടൻതന്നെ ഇടപെട്ട് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.