കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
Tuesday, October 21, 2025 11:16 PM IST
കൊല്ലം: കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര സ്വദേശിയായ സുബു, വെളിയം സ്വദേശി അരുൺ എന്നിവരാണ് അഞ്ചൽ റേഞ്ച് വനപാലകരുടെ പിടിയിലായത്.
സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചു. ആനക്കൊമ്പ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചൽ റേഞ്ച് വനം വകുപ്പ് സംഘത്തിന്റെ പരിശോധന.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇടനിലക്കാർ, ദണ്ഡ് വാങ്ങാൻ എത്തിയവർ ഉൾപ്പടെ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്.
സുബുവിന്റെ മുത്തച്ഛൻ ശ്രീലങ്കയിൽ നിന്നും എത്തിച്ച ആനക്കൊമ്പാണെന്നാണ് പ്രതികൾ വനം വകുപ്പിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ മൊഴി പൂർണമായും വനം വകപ്പ് വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.