സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചു; ബംഗളൂരുവിൽ ഒൻപതു വയസുകാരൻ ചികിത്സയിൽ
Tuesday, October 21, 2025 11:37 AM IST
ബംഗുളൂരു: കർണാടകയിൽ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിന്റെ മർദനമേറ്റ ഒൻപത് വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ. ബംഗളൂരുവിലാണ് സംഭവം.
ഒക്ടോബർ 14 ന് പ്രിൻസിപ്പൽ രാകേഷ് കുമാർ പിവിസി പൈപ്പ് ഉപയോഗിച്ച് തന്റെ മകനെ ആക്രമിച്ചതായും മകന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും രക്തം കട്ടപിടിച്ചു കിടക്കുകയാണെന്നും പോലീസിൽ നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മ ആരോപിച്ചു.
കുട്ടിയുടെ ശരീരത്തിലുള്ള പരിക്കുകളുടെ വീഡിയോയും ചിത്രങ്ങളും അമ്മ പോലീസിന് കൈമാറി. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൽ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയും മകനെ സ്കൂൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അമ്മ ആരോപിച്ചു.
സംഭവത്തിൽ പ്രിൻസിപ്പൽ രാകേഷ് കുമാറിനും അധ്യാപിക ചന്ദ്രികയ്ക്കുമെതിരെയും സ്കൂൾ ഉടമ വിജയ് കുമാറിനെതിരെയും പോലീസ് കേസെടുത്തു.