എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്
Tuesday, October 21, 2025 11:15 AM IST
കൊച്ചി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്.
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം നൽകി. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്.
പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.
സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എംവിഡിയുടെ നേതൃത്വത്തിൽ വലിയ പരിശോധന നടന്നിരുന്നു.
500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.