"കമ്യൂണിസമൊക്കെ വീടിന് പുറത്ത്, പോയി ചാക്'; ഇതരമതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ
Tuesday, October 21, 2025 10:48 AM IST
കാസർഗോഡ്: ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സിപിഎം നേതാവായ പിതാവും സഹോദരനും വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതായി പരാതി.
കാസർഗോഡ് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകൾ സംഗീതയാണ് രംഗത്ത് വന്നിരിക്കുന്നത്. പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി വെളിപ്പെടുത്തി. യുവതി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല.
ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. "പോയി ചാകാൻ' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത്. വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു.
ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് തന്റെ കൈയിൽ രഹസ്യമായി സൂക്ഷിച്ച ഫോണിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ച് സംഗീത പുറത്ത് വിടുന്നത്.
വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാർ.
അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്പിക്കും കളക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.
നേരത്തെ, വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല.
താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.