ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവം; ഡിജിപി ഉൾപ്പടെയുള്ളവർക്കെതിരെ കേസ്
Thursday, October 9, 2025 11:30 PM IST
ചണ്ഡീഗഡ്: ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാർ സ്വയം വെടിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ശത്രുജീത് സിംഗ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർണിയ എന്നിവർക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവുമാണ് കേസെടുത്തത്.
2001 ബാച്ച് ഉദ്യോഗസ്ഥനായ വൈ. പുരൺ കുമാർ ചണ്ഡീഗഡിലെ സെക്ടർ 11 ലെ തന്റെ വസതിയിൽ വച്ചാണ് ജീവനൊടുക്കിയത്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു.
പുരൺ കുമാറിന്റെ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാർ, തന്റെ ഭർത്താവിന് നേരെ ജാതി ആക്ഷേപം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ഹരിയാന മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു.
സർവീസിലുള്ളവരും വിരമിച്ചവരുമായ 10 മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനം നടത്തിയതായി പുരൺ കുമാർ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ തന്റെ ഔദ്യോഗിക ജീവിതം തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. തുടർച്ചയായ മാനസിക പീഡനത്തിന് താൻ ഇരയായി എന്ന് പുരൺ കുമാർ ആവർത്തിച്ചു പറയുന്നുണ്ട്.
നേരത്തെ റോത്തക്ക് റേഞ്ച് ഇൻസ്പെക്ടർ ജനറലായിരുന്ന പുരണിനെ സെപ്റ്റംബർ 29ന് റോഹ്തക്കിലെ സുനാരിയയിലുള്ള പോലീസ് ട്രെയിനിംഗ് കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ദളിത് വിഭാഗത്തിൽ നിന്നുള്ള പുരൺ കുമാർ, ഉയർന്ന ജാതിയിലുള്ള മേലുദ്യോഗസ്ഥരിൽ നിന്നും പീഡനം നേരിട്ടതായും ആരോപിച്ചിരുന്നു. 2008ൽ, ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ജാതിയധിക്ഷേപവുമായി ബന്ധപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ഈ പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു.
പുരൺ കുമാറിന്റെ ആത്മഹത്യ ഒരു അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ടതാണെന്ന് സൂചനകളുണ്ടെങ്കിലും, ചണ്ഡിഗഡ് പോലീസ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ, ഐപിഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥാനക്കയറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുരൺ കുമാർ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്ന്, ധനകാര്യ വകുപ്പിന്റെ മാത്രം സമ്മതത്തോടെയാണ് ഈ സ്ഥാനക്കയറ്റങ്ങൾ അനധികൃതമായി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.