നപുംസകം, പ്രജാ രാജ്യം, മാക്രികൾ; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ വീണ്ടും വിവാദ പരാമർശം
Thursday, October 9, 2025 10:56 PM IST
പാലക്കാട്: പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
"നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം'.- കേന്ദ്ര മന്ത്രി പറഞ്ഞു.
"പ്രജകളാണ് ഇവിടെ രാജാക്കൻമാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരൽചൂണ്ടി പ്രജകൾ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നത്'.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎൽഎയുടെ വീട്ടിൽ കയറി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ബോർഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്. എംഎൽഎയുടെ വീട്ടിൽ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം.
അതിന് നിങ്ങളുടെ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് സാധിക്കുന്ന എംഎൽഎ നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
"നമ്മുടെ കുട്ടികൾ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികൾക്ക് മതത്തെ കുറിച്ച് പഠിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.