റിച്ച ഘോഷ് രക്ഷകയായി; ദക്ഷിണാഫ്രിക്കയ്ക്ക് 252 റൺസ് വിജയലക്ഷ്യം
Thursday, October 9, 2025 8:20 PM IST
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 252 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്.
102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി.
ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. സ്കോർ 241 ൽ നിൽക്കെ സ്നേഹ് വീണു. അവസാന ഓവറിലാണ് 94 റൺസുമായി റിച്ച ഘോഷ് മടങ്ങുന്നത്. പ്രതിക റാവൽ (37), സ്മൃതി മന്ഥന (23), ഹർലീൻ ഡിയോൾ (13), അമൻജ്യോത് കൗർ (13) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.