തളിപ്പറമ്പ് തീപിടിത്തം; കത്തിനശിച്ചത് 43 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോപ്ലക്സ്
Thursday, October 9, 2025 6:58 PM IST
കണ്ണൂർ: തളിപ്പറമ്പിൽ തീ പടർന്നത് 43 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രദേശത്ത് നിന്നും ആളുകൾ ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി.
കെട്ടിടത്തിന്റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്. ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഇതിന് സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്. കെട്ടിടത്തില്‍ നിന്നും ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നാണ് വിവരം.
തളിപ്പറമ്പിലെ ഫയര്‍ യൂണിറ്റിനെ കൂടാതെ പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ നഗരത്തില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ഉടന്‍ എത്തും. നിലവില്‍ തളിപ്പറമ്പ് ടൗണ്‍ വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഫയർഫോഴ്സ് എത്താൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമവുമുണ്ടായി.