പിണറായി വിജയന് സ്വർണം വീക്ക്നെസാണ്, എവിടെ കണ്ടാലും അടിച്ചുമാറ്റും: കെ.സുരേന്ദ്രൻ
Thursday, October 9, 2025 5:55 PM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം എന്നും ഒരു വീക്ക്നെസാണെന്നും എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വര്‍ണം അടിച്ചുമാറ്റുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔറംഗസേബിനേക്കാള്‍ വലിയക്ഷേത്ര കൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ഉപദേശകന്മാര് ആരോ സ്വര്‍ണത്തിന് പവന് ഒരുലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക് കൊടുത്തുകാണും.
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുകയും കടത്തിയ സ്വര്‍ണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണ്.
കായംകുളം കൊച്ചുണ്ണിയെല്ലാം പിണറായി വിജയന് മുമ്പില്‍ തോറ്റുപോകും. കള്ളന്മാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയാതെ ഇതൊന്നും നടക്കില്ല.
എല്ലാത്തിന്റെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാല്‍ ശബരിമലയില്‍ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നാണ് പിണറായി വിജയന് വിചാരിച്ചത്. എത്ര സംഗമം നടത്തി പമ്പയില്‍ കുളിച്ചാലും പിണറായി സര്‍ക്കാരിന്റെ പാപം മാറില്ല.
കോണ്‍ഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോണ്‍ഗ്രസുകാരും അമ്പലം വിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും അന്വേഷണം നടന്നത്. കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.