ഒടുവിൽ ടോസ് വീണു; ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
Thursday, October 9, 2025 4:02 PM IST
വിശാഖപട്ടണം: വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. വിശാഖപട്ടണത്ത് ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഒരുമണിക്കൂറോളം വൈകിയാണ് ടോസ് നടത്താനായത്.
ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്നിറങ്ങുക. ബൗളർ രേണുക സിംഗിനു പകരം ഓൾറൗണ്ടർ അമൻജോത് കൗർ ഇന്ത്യൻ അന്തിമ ഇലവനിലെത്തി. അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ ബൗളർ മസബാട്ട ക്ലാസിനു പകരം തുമി സെഖുഖുനെ ടീമിൽ ഇടംപിടിച്ചു.
തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോല്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 88 റൺസിനാണ് പാക്കിസ്ഥാനെ തകർത്തത്.
അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് അടിയടറവ് പറഞ്ഞുകൊണ്ട് തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ), തസ്മിൻ ബ്രിട്ട്സ്, സുനെ ലൂസ്, മാരിസാനെ കാപ്പ്, അനെകെ ബോഷ്, സിനാലോ ജാഫ്ത, ക്ലോ ട്രയൺ, നടൈൻ ഡി ക്ലെർക്ക്, തുമി സെഖുഖുനെ, അയബോംഗ ഖാക, നൊങ്കുലുലേകോ മലാബ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ഥാന, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.