രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സന്നിധാനത്ത് എത്തുന്നത് സൈനിക വാഹനത്തിലോ, ആംബുലൻസിലോ ?
Thursday, October 9, 2025 6:15 AM IST
ന്യൂഡൽഹി: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പ്രത്യേക വാഹനം ഏതെന്നതിൽ വ്യക്തതതേടി സംസ്ഥാന സർക്കാർ. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽനിന്നു സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്.
ഏതാണ് പ്രത്യേക വാഹനം എന്നതിലാണ് വ്യക്തത തേടിയത്. ആരോഗ്യവകുപ്പിന്റെ രണ്ട് ആംബുലൻസുകളും വനംവകുപ്പിന്റെ ഒരു ആംബുലൻസുമാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലൻസിൽ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ അനുമതി. രാഷ്ട്രപതി ഭവൻ സൈനിക വാഹനം ക്രമീകരിച്ചാലും സ്വാമി അയ്യപ്പൻ റോഡിൽ ഓടിച്ച് പരിശീലിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം.
നിലവിലുള്ള ആംബുലൻസിലാണ് പോകുന്നതെങ്കിൽ അത് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവർമാർക്ക് എസ്പിജി അനുമതി നൽകുമോയെന്നും വ്യക്തതയില്ല. ഇത്തരം കാര്യങ്ങളിൽ വ്യക്ത തേടാനാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിതല ഏകോപന യോഗം തീരുമാനിച്ചത്. രാഷ്ട്രപതി ഭവന് വ്യക്തത നൽകിയാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോർഡ് തേടേണ്ടിവരും.