"പരാതിയുമായി എനിക്ക് ബന്ധമൊന്നുമില്ല’; വ്യാജ പരാതിയില്‍ കുടുക്കിയെന്ന അധ്യാപകന്റെ ആരോപണം തള്ളി എസ്. രാജേന്ദ്രന്
Wednesday, September 3, 2025 10:06 AM IST
ഇടുക്കി: മൂന്നാര്‍ ഗവണ്മെന്റ് കോളജിലെ വ്യാജ പീഡനക്കേസില്‍ അധ്യാപകന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് എസ്. രാജേന്ദ്രന്. തന്റെ നേതൃത്വത്തിലാണ് വ്യാജപരാതി തയാറാക്കിയതെന്ന അധ്യാപകന് ആനന്ദ് വിശ്വനാഥിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്. രാജേന്ദ്രന് പറഞ്ഞു.
അധ്യാപകനെതിരെ പരാതി നല്കിയ ശേഷം പരാതിക്കാരികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും തങ്ങളെ അദ്ദേഹം മാനസികമായി ഉപദ്രവിക്കുന്നു എന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ തന്നോട് പരാതിപ്പെട്ടിരുന്നു എന്നും എസ്. രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അഞ്ചോളം പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പരാതിയുമായി തന്നെ സമീപിച്ചുവെന്നാണ് എസ്. രാജേന്ദ്രന് പറയുന്നത്. അധ്യാപകനെതിരെ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് പ്രിന്‍സിപ്പലിനോട് പറഞ്ഞത്.
തങ്ങള്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വീണ്ടും പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ അന്വേഷിക്കാമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് എസ്. രാജേന്ദ്രന് വിശദീകരിച്ചു.