പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി
Sunday, August 31, 2025 9:11 AM IST
ലക്നോ: ഉത്തർപ്രദേശിൽ തന്നെ ലൈംഗീകമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. ഗാസിയാബാദ് ജില്ലയിലെ മോദിനഗറിലെ തഹസിലിൽ വെള്ളിയാഴ്ചയാണ് സംഭവം.
കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ഇവരെ ഉടൻ തന്നെ മോദിനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
മോദിനഗർ സ്വദേശിയായ നീരജ് ഗോയൽ എന്നയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ശരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മർദനത്തിൽ തന്റെ കൈ ഒടിഞ്ഞെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. യുവാവും പോലീസും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച യുവതി, 48 മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി.
എന്നാൽ നീരജ് ഗോയൽ അലഹബാദ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെന്നും അതിനാലാണ് കൂടുതൽ നടപടികൾ സ്വീകരിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.