വോട്ടര്‍ പട്ടിക ക്രമക്കേട്; പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളൂ: തെരഞ്ഞെടുപ്പ് കമ്മീഷന്
Saturday, August 16, 2025 9:22 PM IST
ന്യൂഡൽഹി: വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയശേഷമാണ് അന്തിമരൂപം നൽകുന്നത്. ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിരുന്നു.
ചില രാഷ്ട്രീയ പാർട്ടികൾ ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരാണ് പട്ടിക തയാറാക്കുന്നത്. വോട്ടര്‍ പട്ടികയിലെ പിശക് പാര്‍ട്ടികള്‍ ശരിയായ സമയത്ത് ഉന്നയിച്ചാൽ തിരുത്താന്‍ കഴിയും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സ്ഥാനാര്‍ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവെക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനാണെന്നും കമ്മീഷന് വ്യക്തമാക്കി. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ഞായറാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇതിന് മുന്നോടിയായിട്ടാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തിയത്.