ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന്; വിവിധ രാജ്യങ്ങളിലെ 3,000 പ്രതിനിധികള്‍ പങ്കെടുക്കും
Saturday, August 16, 2025 8:05 PM IST
കോട്ടയം: ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പാതീരത്ത് നടക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3,000 പ്രതിനിധികള്‍ സംഗമത്തിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം നിരവധി പ്രമുഖർ സംഗമത്തിന് എത്തും.
ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും സഹകരിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്രയും പ്രതിനിധികൾ പങ്കെടുക്കുന്ന അയ്യപ്പ സംഗമം മുൻപുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം സ്വാഗത സംഘം ഓഫീസ് ആരംഭിക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും.
പ്രതിനിധികൾക്കായി കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുക. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
1,300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയെന്നും ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള വികസന പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് സർക്കാർ ലക്ഷ്യം. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കുമെന്നും വി.എൻ.വാസവൻ കൂട്ടിച്ചേർത്തു.