ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടു; അമ്മയും മക്കളും ജീവനൊടുക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
Saturday, August 16, 2025 7:40 PM IST
കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് നോബിയെ ഏക പ്രതിയാക്കിയാണ് ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നോബിക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈനി നോബിയില്‍ നിന്നും കൊടിയ പീഡനം നേരിട്ടെന്നും നോബിയുടെ ഉപദ്രവമാണ് ഷൈനി ജീവനൊടുക്കാൻ കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. മരിക്കുന്നതിനു മാസങ്ങൾക്കു മുൻപ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിരുന്നു. തുടർന്ന് പിന്തുടർന്നെത്തി ഉപദ്രവിച്ചുവെന്നും മരിക്കുന്നതിന്റെ തലേദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഫോൺ വിളിച്ചപ്പോൾ മക്കളെയും കൂട്ടി പോയി മരിക്കൂവെന്ന് നോബി പറഞ്ഞുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍ കോളുകളും അടക്കം 40ഓളം ശാസ്ത്രീയ തെളിവുകളും പോലീസ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഷൈനിയുടെ മകനും ട്രെയിന്‍ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികളാണ്. സംഭവം നടന്ന് 170 -ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കുന്നത്.