ആരോപണങ്ങൾക്ക് തെളിവില്ല; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
Saturday, August 16, 2025 3:46 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്.
തേക്ക് മുറിച്ചു കടത്തി, ഷാജന് സ്കറിയയില്‍നിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തില്‍ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അന്‍വര്‍ നല്‍കിയിരുന്നത്.
കവടിയാറിലെ ഏഴ് കോടിയുടെ ആഡംബര വീട് എന്ന ആരോപണം തെറ്റാണെന്നും ഏഴ് കോടി രൂപയ്ക്ക് പത്ത് സെന്റ് സ്ഥലം വാങ്ങിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്.
ഫ്ലാറ്റ് വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റു എന്ന് ആരോപണത്തിലും കഴമ്പില്ല. പരാതിക്കാരന്റെ ആരോപണം ഒരുതരത്തിലും ശരിയല്ലെന്നും വീട് നിർമാണത്തിനായി അജിത് കുമാർ എസ്ബിഐ ബാങ്കിൽ നിന്നും ഒന്നരകോടി രൂപ ലോണെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിലും ആരോപണ വിധേയനായ എം.ആര്.അജിത് കുമാറിന് പങ്കില്ലെന്ന് വെളിവായിട്ടുണ്ടെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാറിന് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷണത്തില്‍ വ്യാജമാണെന്ന് വെളിവായതിനാല് തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന ക്ലീന്‍ ചിറ്റാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.
അതേസമയം, അന്‍വറിന്റെ പരാതികളില്‍ പ്രധാനപ്പെട്ടതായിരുന്നു അനധികൃത സ്വത്ത് സമ്പാദനം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് മറ്റൊരാളുടെ പരാതിയില്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.