മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശേരി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം
Saturday, August 16, 2025 2:11 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തിൽ താമരശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം.
പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് നിർദേശം നൽകിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരി അനയ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തിൽ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ സ്രവവും അയച്ചിരുന്നു.
പനിയെ തുടർന്നാണ് നാലാം ക്ലാസുകാരി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉച്ചകഴിഞ്ഞ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശാരീരിക അവസ്ഥ മോശമായിട്ടും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റിയില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു.