ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സൺ അന്തരിച്ചു
Saturday, August 16, 2025 11:47 AM IST
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സൺ(89) അന്തരിച്ചു. ഓസ്ട്രേലിയക്കായി 1957 നും 1978 നും ഇടയില്‍ 62 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
സിംപ്സണ് ടെസ്റ്റിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റൺസും 71 വിക്കറ്റുകളും നേടി. 311 റൺസ് ആണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ. 39 ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുകയും ചെയ്തു.
സിംപ്സണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളും ഓഫ് സ്പിന്നറുമായിരുന്നു. ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്സണ് കൈയിലൊതുക്കിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സുവർണകാലത്തേക്ക് നയിച്ച പരിശീലകനെന്ന നിലയിലും സിംപ്സണ് ഓര്‍മിക്കപ്പെടും.
1986 മുതല്‍ 1996വരെയാണ് സിംപ്സണ് ഓസ്ട്രേലിയന്‍ പരിശീലകനായിരുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പ്രതാപകാലത്തിലേക്ക് മടങ്ങിയത് സിംപ്സണ് പരിശീലകനായിരുന്ന കാലത്താണ്.
പരിശീലകനായി ചുമതലയേറ്റ തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അലൻ ബോര്‍ഡറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയെ സിംപ്സണ് ചാമ്പ്യൻമാരാക്കി.
ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. 1989ൽ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ൽ വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ് പരമ്പര ജയവും സിംപ്സന്റെ പ്രധാന നേട്ടങ്ങളാണ്.