ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
Saturday, August 16, 2025 10:03 AM IST
കോട്ടയം: ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബിക്കെതിരെ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.
ഷൈനിയും മക്കളും മരണത്തിലേക്ക് നയിക്കപ്പെട്ടത് നോബിയുടെ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾ മൂലമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ടെന്നാണ് സൂചന. നോബിയുടെ ഉപദ്രവങ്ങളെക്കുറിച്ച് ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇവയെല്ലാം പോലീസ് വിശദമായി പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
നോബിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഷൈനി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും, നോബി നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. ആത്മഹത്യ നടന്ന ദിവസം നോബി ഷൈനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തി. ഇതിനു പുറമെ, സാമ്പത്തിക പ്രശ്നങ്ങളും ഷൈനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഷൈനി ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ, ഭർതൃവീട്ടിൽ നിന്ന് മടങ്ങിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടപ്പോൾ, ഷൈനി നോബിയോട് സഹായം തേടിയെങ്കിലും ഭർത്താവ് സഹകരിച്ചില്ല.
ഏറ്റുമാനൂർ പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ 56 സാക്ഷികളുടെ മൊഴികളും 40ലധികം ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിനിന്റെ ലോക്കോപൈലറ്റും സാക്ഷികളിൽ ഉൾപ്പെടുന്നു. ഇരുവരുടേയും മൊബൈൽ ഫോണുകൾ കേസിൽ നിർണായക തെളിവായി. 170-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.