യുപിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Thursday, August 14, 2025 9:38 PM IST
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ആറു വയസുകാരിയാണ് കൊല്ലപ്പെട്ടത്.
പോക്സോ കോടതി പ്രത്യേക ജഡ്ജി അൽക ഭാരതി, മൻവീർ (30) എന്നയാളെ കുറ്റക്കാരനാണെന്ന് വിധിക്കുകയും 90,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
ജനുവരി രണ്ടിന് മൻസൂർപൂർ പ്രദേശത്താണ് സംഭവം നടന്നതെന്ന് സർക്കാർ അഭിഭാഷകൻ വിക്രാന്ത് രതി പിടിഐയോട് പറഞ്ഞു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മൻവീർ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ചതിന്ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
പിന്നീട്, സ്വകാര്യ ഭാഗത്ത് മുറിവുകളുള്ള നിലയിൽ പെൺകുട്ടിയുടെ മൃതദേഹം പൂട്ടിയിട്ട മുറിയിൽ നിന്ന് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.