കന്യാസ്ത്രീകളുടെ അറസ്റ്റ്: പോലീസിന്റെ മത തീവ്രവാദ അടിമത്തമെന്ന് കത്തോലിക്ക കോൺഗ്രസ്
Sunday, July 27, 2025 8:22 PM IST
കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം ഛത്തീസ്ഗഡ് പോലീസ് തീവ്രവാദ രാഷ്ട്രീയത്തിന്റെ അടിമകളായി മാറിയതിന്റെ തെളിവെന്ന് കത്തോലിക്ക കോൺഗ്രസ്.
ഇത് അത്യന്തം അപകടകരമാണ്. മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തതിലൂടെ ഛത്തീസ്ഗഡ് പോലീസും അധികാരികളും നിയമത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്നും മൗലിക അവകാശ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് നടന്നതെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ് ഇന്ത്യയിൽ പല ഭാഗത്തും ഉള്ളത്. ബജ്രംഗ്ദൾ പോലുള്ള തീവ്ര സംഘടനകൾ അധികാരത്തിന്റെ തണലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ്.
നിരവധി സ്ഥലങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്ക് എതിരെ ആക്രമണങ്ങൾ നടക്കുമ്പോഴും പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് ബോധ്യപ്പെടുകയാണ്. കന്യാസ്ത്രീകൾ സന്യാസവസ്ത്രം അണിഞ്ഞ് പൊതു സമൂഹത്തിൽ ഇറങ്ങിയാൽ കേസെടുക്കുന്ന അവസ്ഥ ഇന്ത്യയെ ഇരുണ്ട കാലങ്ങളിലേക്ക് നയിക്കുമെന്നും കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് ഭരണഘടനാ പരമായി പ്രവർത്തിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
കന്യാസ്ത്രീകളുടെ സാമൂഹ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മതപരിവർത്തനമായി വിശേഷിപ്പിക്കുന്നവർ സാധാരണക്കാരായ മനുഷ്യർ എന്നും രാഷ്ട്രീയ-സാമ്പത്തിക അടിമത്വത്തിൽ കഴിയണമെന്ന് എന്ന് ചിന്തിക്കുന്നവരാണന്നും ആരോപണങ്ങളുടെ മറവിൽ ഇന്ത്യയെ അടിമത്വത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്നും കത്തോലിക്ക കോൺഗ്രസ് യോഗം വിലയിരുത്തി.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ജൂഡീഷറി നേരിട്ട് ഇടപെടണം എന്നും മതപരിവർത്തന നിയമങ്ങൾ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിന് വേണ്ട നടപടി സ്വികരിക്കണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.