എസ്എഫ്ഐപ്രവർത്തകർക്കെതിരെ മൊഴി നൽകി; ഹോട്ടലും കാറും അടിച്ചുതകർത്തു
Sunday, July 27, 2025 4:30 AM IST
കോഴിക്കോട്: എസ്എഫ്ഐപ്രവർത്തകർക്കെതിരെ മൊഴി നൽകിയെന്ന് ആരോപിച്ച് ഹോട്ടലും കാറും അടിച്ചു തകർത്തതായി പരാതി. വെസ്റ്റ് കൈതപ്പൊയിൽ ചൊമ്പ്രപറ്റയിലെ ഗ്രാന്റ് ഫാമിലി ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്.
പരാതി നൽകാനായി ഹോട്ടൽ ഉടമയും മകനും താമരശേരിയിൽ എത്തിയപ്പോൾ റോഡരികിലെ നിർത്തിയ കാറിന്റെ പിൻഭാഗത്തെ ഗ്ലാസും അക്രമി സംഘം തകർത്തു. ഹോട്ടൽ ഉടമയേയും ഭാര്യയേയും മകനെയും മർദിച്ചതായും പരാതിയുണ്ട്.
പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഹോട്ടൽ ഉടമ സാക്ഷിമൊഴി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് ഹോട്ടൽ ഉടമ അബ്ദുറഹ്മാൻ പറഞ്ഞു.
അബ്ദു റഹ്മാന്റെ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.