സംസ്ഥാനത്ത് കനത്ത മഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വ്യാപക നാശനഷ്ടം
Saturday, July 26, 2025 5:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണുള്ളത്. ജാർഖണ്ഡിലെ തീവ്ര ന്യൂനമർദത്തെ തുടർന്ന് ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി സ്വാധീനം. ഇതിന്റെ ഭാഗമായി കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം പ്രാപിച്ചു.
കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലിയുണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചിയിൽ മദ്രസയുടെ മേൽക്കൂര പറന്നുപോയി.
പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. കനത്ത കാറ്റിൽ വീടുകൾക്കു നാശനഷ്ടമുണ്ട്.
എറണാകുളം ജില്ലയിൽ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മരമൊടിഞ്ഞതു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല.
അതിരാവിലെ ആരംഭിച്ച കനത്ത മഴ ഒമ്പതു മണിയോടെ ശമിക്കുകയും പിന്നീട് ഇടവിട്ട് പെയ്യുകയുമാണ്. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള് പറ്റി.
സെന്റ് ജോസഫ്സ് കോൺവെന്റിന് സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികൾ പൊട്ടി. ആളപായമില്ല. കുമ്പളം പതിമൂന്നാം വാർഡിൽ ചേഞ്ചേരിൽ കടവിൽ സ്വകാര്യ വ്യക്തിയുടെ മതിലിഞ്ഞ് ഇടപ്പള്ളി പറമ്പിൽ ദാസൻ എന്ന മത്സ്യത്തൊഴിലാളിയുടെ വഞ്ചി തകർന്നു.