ജയിൽചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിൽ; ഗോവിന്ദച്ചാമിയുടെ മൊഴി പുറത്ത്
Friday, July 25, 2025 2:55 PM IST
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലെന്ന് മൊഴി. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി വെളിപ്പെടുത്തിയത്.
ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് രക്ഷപെടുകയായിരുന്നു പദ്ധതി.
ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചെന്നാണ് മൊഴി. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയത്. ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.