സര്‍ക്കാരിന് പ്രിയപ്പെട്ടവരാണ് കണ്ണൂര്‍ ജയിലില്‍ ഉള്ളത്; അക്കൂട്ടത്തില്‍ ഗോവിന്ദച്ചാമിയും ഉണ്ടെന്ന് ബോധ്യമായെന്ന് സതീശന്
Friday, July 25, 2025 12:43 PM IST
കണ്ണൂർ: സര്‍ക്കാരിന് പ്രിയപ്പെട്ടവരാണ് കണ്ണൂര്‍ ജയിലില്‍ ഉള്ളതെന്നും അക്കൂട്ടത്തില്‍ ഗോവിന്ദച്ചാമിയും ഉണ്ടെന്ന് ഇന്ന് രാവിലെയാണ് മനസിലായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി ജയില്‍ ചാടിയത് അദ്ഭുതമാണ്. ടാര്‍സന്റെ സിനിമയില്‍ പോലും ഇങ്ങനെ കാണാന്‍ കഴിയില്ലെന്നും സതീശന് പരിഹസിച്ചു.
ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രതികളാണ് ഭരിക്കുന്നതെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞതാണ്. ജയില്‍പുള്ളികള്‍ പറയുന്ന മെനു അനുസരിച്ചാണ് ജയിലില്‍ ഭക്ഷണം വിളമ്പുന്നത്. അവര്‍ ആവശ്യപ്പെടുന്ന ഫോണുകള്‍ അടക്കം നൽകുമെന്നും സതീശൻ പറഞ്ഞു.