സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്
Saturday, July 19, 2025 6:35 AM IST
കൊല്ലം: തേവലക്കരയിൽ സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പത്തിന് തേവലക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന് വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്.
ക്ലാസ് തുടങ്ങുന്നതിനു മുമ്പു കുട്ടികൾ കളിച്ചുകൊണ്ടുനിൽക്കെ സൈക്കിള്‍ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറുമ്പോൾ വൈദ്യുതലൈനില്‍നിന്നു ഷോക്കേൽക്കുകയായിരുന്നു.
സ്കൂൾ കെട്ടിടത്തോടു ചേർന്നു സൈക്കിൾ വയ്ക്കാനായി ഇരുമ്പുഷീറ്റ് പാകിയ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡിന്റെ മുകളിലേക്കു ചെരുപ്പു വീണു. ഇതെടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ പിടിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ഉടൻ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്നു മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.