അന്‍വര്‍ ആദ്യം പിന്തുണ പ്രഖ്യാപിക്കണം; സഹകരിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കെ.മുരളീധരന്
Wednesday, May 28, 2025 11:34 AM IST
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പി.വി.അന്‍വര്‍ ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അതിന് ശേഷം യുഡിഎഫില്‍ സഹകരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മറ്റെല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നണിയെ വിമര്‍ശിച്ചാല്‍ എങ്ങനെയാണ് ശരിയാവുകയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം യുഡിഎഫിനെതിരേ കടുത്ത വിമർശനവുമായി പി.വി. അൻവര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇന്ന് മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവര്‍ തുറന്നടിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാലുപിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. കത്രികപ്പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. ഇനി കാലുപിടിക്കാനില്ല. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്നും അൻവർ പറഞ്ഞിരുന്നു.