തൊട്ടാപ്പ് കടപ്പുറത്ത് ലോഹനിർമിത പെട്ടി കണ്ടെത്തി
Monday, May 26, 2025 4:56 AM IST
ചാവക്കാട്: ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നു കരുതുന്ന ചെറിയ ലോഹനിർമിത പെട്ടി കടപ്പുറം തൊട്ടാപ്പ് കടപ്പുറത്ത് കണ്ടെത്തി.
കരയിൽനിന്ന് കടലിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ നിലയിൽ പെട്ടി കണ്ടെത്തിയത്. മുനയ്ക്കകടവ് തീരദേശ പോലീസിനെ വിവരമറിയിച്ചു.
പെട്ടി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. നേവി, കോസ്റ്റൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വിവരമറിയിച്ചു. വലിയ കപ്പലുകളിലെ സുരക്ഷാവിഭാഗത്തിൽ ഇത്തരത്തിലുള്ള പെട്ടികൾ ഉപയോഗിക്കാറുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
റൈഫിൾ തിര സൂക്ഷിക്കുന്ന പെട്ടിയാണെന്നും ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്ടി തുറന്നു പരിശോധിച്ചിട്ടില്ല.