ബിജെപി എംപിയെ നീക്കണം, മോദി മാപ്പു പറയണം: കോൺഗ്രസ്
Monday, May 26, 2025 3:22 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭാര്യമാർ ഭീകരരോട് പോരാടണമായിരുന്നുവെന്നു പറഞ്ഞ ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജംഗ്രയ്ക്കെതിരേ കോൺഗ്രസ് രംഗത്തെത്തി.
എംപിയെ പാർട്ടിയിൽനിന്നു നീക്കം ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
എംപിയുടെ പരാമർശത്തെ ബിജെപി അനുകൂലിക്കുന്നുവെന്നതാണ് മോദിയും ബിജെപി നേതൃത്വവും പാലിക്കുന്ന മൗനം സൂചിപ്പിക്കുന്നത്. പഹൽഗാം ഇരകളെയും ഇന്ത്യൻ സൈന്യത്തെയും കരിവാരിത്തേക്കാൻ ബിജെപി നേതാക്കൾ പരസ്പരം മൽസരിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.