ഓപ്പറേഷൻ സിന്ദൂർ; സുവർണക്ഷേത്ര പരിസരത്ത് വ്യോമപ്രതിരോധ ആയുധങ്ങൾ വിന്യസിച്ചില്ലെന്ന് സൈന്യം
Wednesday, May 21, 2025 7:17 AM IST
അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിനിടെ സുവർണ ക്ഷേത്ര പരിസരത്ത് വ്യോമ പ്രതിരോധ ആയുധങ്ങൾ വിന്യസിച്ചിരുന്നില്ലെന്ന് സൈന്യം.
പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ഭീഷണികളെ നേരിടാൻ ക്ഷേത്രത്തിനുള്ളിൽ വ്യോമ പ്രതിരോധ ആയുധങ്ങൾ വിന്യസിക്കാൻ സുവർണ ക്ഷേത്ര മാനേജ്മെന്റ് സൈന്യത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
"സുവർണ്ണ ക്ഷേത്രത്തിൽ വ്യോമ പ്രതിരോധ ആയുധങ്ങൾ വിന്യസിച്ചതായി ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ശ്രീ ദർബാർ സാഹിബ് അമൃത്സറിന്റെ (സുവർണ ക്ഷേത്രം) പരിസരത്ത് വ്യോമ പ്രതിരോധ ആയുധങ്ങളോ മറ്റേതെങ്കിലും വ്യോമ പ്രതിരോധ സ്രോതസുകളോ വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു'.- സൈന്യം പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് ലൈറ്റുകൾ ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഭരണകൂടം തങ്ങളെ ബന്ധപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ പവിത്രത നിലനിർത്തിക്കൊണ്ട് ഭരണപരമായ ഉത്തരവാദിത്തത്തിന്റെ താൽപ്പര്യത്തിൽ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പൂർണമായും സഹകരിച്ചുവെന്ന് പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു.
ക്ഷേത്രത്തിൽ വ്യോമ പ്രതിരോധ ആയുധങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സൈനിക ഉദ്യോഗസ്ഥനും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു