ചങ്ങനാശേരിയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
Tuesday, April 29, 2025 3:13 AM IST
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38കാരിയായ മല്ലികയാണ് മരിച്ചത്. ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ അനീഷാണ് മല്ലിക വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന വിവരം പഞ്ചായത്ത് മെമ്പറെ അറിയിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ ആംബുലൻസ് വിളിച്ചു. എന്നാൽ ആശുപത്രിയിൽ മാറ്റുന്നതിന് മുന്നെ തന്നെ മല്ലിക മരിച്ചിരുന്നു.
ദേഹമാസകലം മുറിവേറ്റ് ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു മല്ലിക. വലത് തോൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്താണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു.
മുമ്പ് പലതവണ മദ്യപിച്ചതിനുശേഷം അനീഷ് മല്ലികയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൃക്കൊടിത്താനം പോലീസ് നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.