വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്
Tuesday, April 29, 2025 1:24 AM IST
ലക്നോ: വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്.
ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ധർമേന്ദ്ര യാദവ് എന്ന ഡ്രൈവറാണ് പ്രതി. ഇയാൾ നേരത്തെ അതിഥികളെ വിവാഹസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും അയാൾക്ക് അത് ലഭിച്ചില്ല. ആവശ്യപ്പെട്ടത്ര പനീർ വിളമ്പാൻ ആതിഥേയർ വിസമ്മതിച്ചതിനെ തുടർന്ന് യാദവ് പ്രകോപിതനായി.
തുടർന്ന് പ്രതികാരം ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രതികാര നടപടിയെന്ന നിലയിൽ യാദവ് തന്റെ മിനിബസ് വിവാഹ വേദിയിലേക്ക് ഇടിച്ചുകയറ്റി അതിഥികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനം മണ്ഡപത്തിന്റെ ചുമരിൽ ഇടിച്ചു.
സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ച് പേർക്കും ഗുരുതരമായി പരിക്കേറ്റു. വധുവിന്റെ അമ്മാവനും പരിക്കുണ്ട്. ആറ് പേരെയും വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അടുത്ത ബന്ധുക്കളെയും ബിഎച്ച്യുവിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.
ഈ സംഭവത്തോടെ ആഘോഷം താത്ക്കാലികമായി നിർത്തിവച്ചു. ഇതിനെ തുടർന്ന് ശനിയാഴ്ച രാത്രിയിൽ നടക്കാനിരുന്ന വിവാഹം മുതിർന്നവരുടെയും പോലീസിന്റെയും ഇടപെടലിലൂടെ ഞായറാഴ്ച പുലർച്ചെയാണ് നടന്നത്.
ലോക്കൽ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.