അയ്യപ്പന്റെ നാലുകിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നത്: വി.ഡി. സതീശൻ
Friday, September 19, 2025 1:05 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പന്റെ നാലുകിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സർക്കാരിലെ ചിലരും ദേവസ്വം ബോർഡിലെ ചിലരും ചേർന്നാണ് സ്വർണം കൊള്ളയടിച്ചതെന്നും അദേഹം ആരോപിച്ചു.
നാല് കിലോ സ്വർണം കൊള്ളയടിച്ചിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുൻപ് സ്വർണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോടും വിശ്വാസികളോടും പറയേണ്ട ബാധ്യത സർക്കാരിനുണ്ട്. സ്വർണം കൊള്ളയടിച്ചതിന്റെ പാപം മറക്കാനാണോ ഇപ്പോൾ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
പോലീസ് അതിക്രമത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.