ഇസ്രോ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ അന്തരിച്ചു
Friday, April 25, 2025 1:46 PM IST
ബംഗളൂരു: ഇസ്രോ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ(84) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1994 മുതൽ 2003 വരെ ഒന്‍പത് വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കിയ മലയാളിയാണ് അദ്ദേഹം. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-1, ഭാസ്കര-2 എന്നിവയുടെ പ്രൊജക്ട് ഡയറലായും സേവനമനുഷ്ഠിച്ചു. പിഎസ്എല്‍വി, ജിഎസ്എല്‍വി വിക്ഷേപണങ്ങള്‍ പോലുള്ള പ്രധാന നാഴികക്കല്ലുകള്‍ക്കും നേതൃത്വം നല്കി.
പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷന് അംഗം, ഇസ്രോ സാറ്റലൈറ്റ് സെന്റർ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ചാന്‍സിലര്‍, കര്‍ണാടക നോളജ് കമ്മിഷന് ചെയര്മാന് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്തൂരിരംഗന്റെ നേതൃത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്കാരങ്ങള്‍ക്ക് ചുക്കാൻപിടിച്ചതും അദ്ദേഹമായിരുന്നു. രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ് ബഹുമതികള്‍ നല്കി ആദരിച്ചു.
കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24-നാണ് ജനിച്ചത്.