ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച് ഗൃഹനാഥൻ ജീവനൊടുക്കി
Wednesday, April 23, 2025 8:00 AM IST
കോലഞ്ചേരി: കടമറ്റത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച് ഗൃഹനാഥൻ ജീവനൊടുക്കി. കൊല്ലം സ്വദേശി ഭാഗ്യരാജാണ് (51) മരിച്ചത്.
ഭാര്യ മിനി (45), മകൾ ശ്രീലക്ഷ്മി (23) എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച ശേഷമാണ് ഇയാൾ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബ കലഹമാണ് പ്രശ്നകാരണമെന്ന് പോലീസ് പറഞ്ഞു.
മകളുടെ കല്യാണാലോചനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഭാഗ്യരാജ് കത്തിയെടുത്ത് മകളെ അപായപ്പെടുത്താൻ ശ്രമിച്ചു. മകൾക്ക് കാലിൽ കുത്തേൽക്കുകയും ചെയ്തു. മകളെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് അമ്മയുടെ കൈക്കും കത്തികൊണ്ട് മുറിവേറ്റത്.
ഇവർ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ സമയത്താണ് ഭാഗ്യരാജ് മുറിക്കുള്ളിൽ തൂങ്ങിയത്. വാതിൽ ചവിട്ടിപ്പൊളിച്ച് സമീപവാസികളും പുത്തൻകുരിശ് പോലീസും അകത്തുകടന്നെങ്കിലും ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു.
കൊല്ലം സ്വദേശികളായ ഇവർ ഏറെ നാളായി കടമറ്റത്ത് വാടകക്ക് താമസിക്കുകയാണ്. ബാർബർ ഷോപ് ജീവനക്കാരനാണ് മരിച്ച ഭാഗ്യരാജ്. പുത്തൻകുരിശ് പോലീസ് നടപടി സ്വീകരിച്ചു.