"ആ നടുക്കം മാറുന്നില്ല..'! ഭീകരാക്രമണത്തിന് തൊട്ടുമുൻപ് പഹല്‍ഗാമിലുണ്ടായിരുന്ന മലയാളി പറയുന്നു
സിജോ പൈനാടത്ത്
Wednesday, April 23, 2025 9:23 AM IST
കൊച്ചി: എത്ര മനോഹരമായിരുന്നു പഹല്‍ഗാം. അക്ഷരാര്‍ഥത്തില്‍ മിനി സ്വിറ്റ്സര്‍ലന്‍ഡ് തന്നെ. അവിടേക്കുള്ള കുതിരസവാരിയും സുന്ദരമായ പുല്‍മേടിലെ കാഴ്ചകളും ചെലവഴിച്ച സമയങ്ങളും ജീവിതത്തില്‍ മറക്കാനാവാത്ത വിസ്മയാനുഭവമായിരുന്നു. അവിടെ ഭീകരരെത്തി ദാരുണമായ അക്രമം നടത്തിയെന്നു കേട്ടതിന്റെ നടുക്കം മാറുന്നില്ല...! ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഒരുപക്ഷേ ആ പരിസരങ്ങളില്‍ ഭീകരരുടെ ആസൂത്രണം ഉണ്ടായിരുന്നുകാണും...!
ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് അവിടെ സന്ദര്‍ശിച്ച കൊച്ചി നായരമ്പലം സ്വദേശി പയസ് ജോസഫ് ദാരുണസംഭവത്തിന്റെ നടുക്കത്തിലാണ്. കുടുംബത്തിനൊപ്പം പഹല്‍ഗാമില്‍ നിന്നു മടങ്ങിയതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തസ്ഥലമായി പഹല്‍ഗാം മാറിയത്.
ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ ഓരോ മണിക്കൂറിലുമെത്തുന്ന സ്ഥലമാണിതെന്നു പയസ് പറയുന്നു. താഴ്വാരത്തു നിന്നു ഒരു മണിക്കൂുറോളം കുതിരപ്പുറത്തേറിയാണ് പഹല്ഗാമിലേക്കെത്തുക. അമര്‍നാഥ് തീര്‍ഥാടകര്‍ തങ്ങളുടെ യാത്ര തുടങ്ങുന്ന സ്ഥലം കൂടിയാണിത്.
പഹല്‍ഗാമിലെ പുല്മേട്ടില് ടെന്റുകള്‍ കെട്ടിയും ഉല്ലാസപരിപാടികള്‍ സംഘടിപ്പിച്ചും മണിക്കൂറുകള്‍ ആളുകള്‍ ചെലവഴിക്കും. റോപ് വേയില്‍ സഞ്ചരിച്ചും കാഴ്ചകള്‍ കാണാം. മലയാളികള്‍ നിരവധി പേര് അവിടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടുമുട്ടിയെന്നും പയസ് പറഞ്ഞു.
വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്താതിരിക്കാനാവണം സുരക്ഷാ സേനയുടെ കൂടുതല്‍ ഇടപെടലുകളൊന്നും അവിടെ കണ്ടില്ല. സന്ദര്‍ശകരെല്ലാം അതീവ സന്തോഷത്തോടെ വന്നുപോകുന്ന ഇടം. അവിടെ എന്തിനാണ് ആ ക്രൂരന്മാര് ഇങ്ങനെ...? എത്ര നിരപരാധികളായ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്..! ഭീകരരെ പിടികൂടണം.. പയസ് ആത്മരോഷത്തോടെ പറഞ്ഞു.
ഭാര്യ ലാല്‍സി, മക്കളായ യമുന, നയന എന്നിവര്‍ക്കൊപ്പമാണ് പയസ് പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തിയത്.