ഓൺലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശി പിടിയിൽ
Monday, April 14, 2025 4:27 PM IST
തൃശൂർ: ഓൺലൈനിലൂടെ തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ. ഫെയ്സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജവാഗ്ദാനങ്ങൾ നൽകി പണം തട്ടിയ ഓസ്റ്റിൻ ഓഗ്ബയെയാണു തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്.
മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം. സിറിയയിൽ യുദ്ധം വന്നപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ വന്നതാണെന്നും കൈവശമുണ്ടായിരുന്ന യുഎസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്സുകൾ ഈജിപ്റ്റിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു.
ബോക്സുകൾ ഓതറൈസേഷൻ കൊണ്ടുവരുന്നതിനായി പണമയച്ച് തരണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ കൈപറ്റുകയായിരുന്നു.
തട്ടിപ്പാണെന്നു മനസിലായതോടെ തൃശൂർ സ്വദേശി ഒല്ലൂർ പോലീസിൽ പരാതി നൽകി. തുടർന്നു മുംബൈ പോലീസിന്റെ സഹായത്തോടെ നൈജീരിയൻ സ്വദേശിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.