പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; ലോറൻസ് ബിഷ്ണോയിക്ക് പങ്കുണ്ടെന്ന് പോലീസ്
Tuesday, April 8, 2025 3:56 PM IST
അമൃത്സർ: പഞ്ചാബിൽ ബിജെപി നേതാവിന്റെ വസതിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിന് അന്താരാഷ്ട്ര കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ.
ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് പോലീസ് സംശയിക്കുന്ന സീഷൻ അക്തർ, ലോറൻസ് ബിഷോയിയുടെ അടുത്ത അനുയായിയാണെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ സീഷൻ അക്തറിന് പങ്കുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബിലെ മതസൗഹാർദ്ദം തകർക്കാൻ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിന് നേരെയുണ്ടായ ആക്രമണം അതിർത്തിക്കപ്പുറത്താണ് ആസൂത്രണം ചെയ്തതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗ്രനേഡ് എറിഞ്ഞ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തതായും ആക്രമണത്തിന് ഉപയോഗിച്ച ഇ-റിക്ഷയും പിടിച്ചെടുത്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബബ്ബർ ഖൽസ ഇന്റർനാഷണൽ ഭീകരൻ ഹാപ്പി പാസിയ ഏറ്റെടുത്തു.
ലോറൻസ് ബിഷ്ണോയി സംഘം ഖാലിസ്ഥാൻ ഭീകര സംഘടനകളുമായും ഐഎസ്ഐയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.