ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞിന്റെ ജനനം: വീഴ്ച സമ്മതിച്ച് ആരോഗ്യവകുപ്പ്, കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റി
Thursday, April 3, 2025 10:18 AM IST
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാകാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, സംഭവത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാവീഴ്ച സമ്മതിച്ചിട്ടുണ്ട്. കടപ്പുറം വനിതാ-ശിശു ആശുപത്രിയില്‍ കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്കിയ മറുപടിയിലാണ് ഈ വിവരം.
ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. സി.വി. പുഷ്പകുമാരി, ഡോ. കെ.ഐ. ഷേര്‍ലി എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശിപാര്‍ശചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം തപാല്‍വഴി മറുപടി നല്‍കിയത്.
അതേസമയം, ചികിത്സാ പിഴവ് പരാതിയിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്.
2024 നവംബര്‍ എട്ടിനാണ് കുഞ്ഞ് ജനിച്ചത്. ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.